അമേരിക്കൻ പകലുകളും ഒരു നാട്ടിൽ പോക്കും
അമേരിക്കൻ പകലുകളും ഒരു നാട്ടിൽ പോക്കും
അതൊക്കെ ഒരു കാലമായിരുന്നു. അമേരിക്കയിലെത്തി ഒന്നര വർഷം പിന്നിട്ട, നാടിന്റെ മണം മൂക്കിൽ നിന്നും വിട്ടുമാറാത്ത ആ കാലം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് പകൽ മുഴുവൻ ഉറങ്ങിത്തീർക്കുന്ന ഞങ്ങൾക്ക് അന്ന് ഒരു പ്രധാനപ്പെട്ട പണിയുണ്ടായിരുന്നു—അമ്മാച്ചന്റെ മക്കളെ നോക്കുക.
അമ്മാച്ചനും അമ്മായിയും ജോലി കഴിഞ്ഞു വരുന്നതുവരെ, ആറുവയസ്സുകാരി ജില്ലിനെയും എട്ടുവയസ്സുകാരൻ ജെറിയെയും സ്കൂളിൽ നിന്ന് വരുമ്പോൾ സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ ഡ്യൂട്ടി. കുട്ടികളെ ജീവനായ അമ്മാച്ചൻ അവർക്കായി ഫ്രീസർ നിറയെ ഹോട്ട് ഡോഗും ചിക്കൻ നഗറ്റ്സും മറ്റു പലഹാരങ്ങളും വാങ്ങി വെച്ചിട്ടുണ്ടാകും. പക്ഷെ ഉച്ചകഴിഞ്ഞ് ഞങ്ങൾ അവിടെ എത്തുമ്പോൾ കഥ മാറും.
സെവൻ ഇലവനിൽ നിന്ന് വാങ്ങിയ നാല്പത് ഔൺസിന്റെ മൂന്ന് ബിയർ കുപ്പികളുമായിട്ടാണ് എന്റെയും കുട്ടുവിന്റെയും ചാക്കോച്ചന്റെയും വരവ്. അന്ന് ഞാൻ വീട്ടിലെത്തി കതക് തുറന്ന് അകത്തു കയറി. ഫ്രീസറിൽ നിന്ന് നാല് ഹോട്ട് ഡോഗ് എടുത്ത് വെള്ളത്തിലിട്ട് അടുപ്പത്ത് വെച്ചു. കുറച്ചു നഗറ്റ്സെടുത്ത് മൈക്രോവേവിലും വെച്ചു. കുട്ടികൾ വരുന്നതിനു മുൻപ് ഒരു റൗണ്ട് അടിച്ചു തീർക്കണം. അപ്പോഴേക്കും കോളിംഗ് ബെൽ അടിച്ചു. കതക് തുറന്നപ്പോൾ കുട്ടു.
"എടാ ചാക്കോയെ കണ്ടില്ലല്ലോ?" ഞാൻ ചോദിച്ചു.
"അവനിപ്പോൾ വരും. നീ സാധനം മേടിച്ചോ? നല്ല തലവേദന, ഒരെണ്ണം അടിച്ചിട്ട് വേണം വൈകിട്ട് കളിക്കാൻ പോകാൻ," മേശപ്പുറത്ത് ബിയർ കുപ്പി കാണാത്തതിലുള്ള നീരസത്തോടെ അവൻ പറഞ്ഞു. ഇന്ന് നിജോയും ഷൈനും ബാസ്കറ്റ് ബോൾ കളിക്കാൻ വരുന്നുണ്ട്.
അപ്പോഴേക്കും നഗറ്റ്സ് ചൂടായെന്ന സൂചന മൈക്രോവേവ് തന്നു. ഞാൻ വേഗം പോയി അതെടുത്ത്, ഫ്രിഡ്ജിൽ നിന്ന് കെച്ചപ്പും കൂട്ടി മേശപ്പുറത്തു വെച്ചു.
"ഡാ ബിയർ മേടിച്ചു എന്ന് പറഞ്ഞിട്ട് എന്തിയേ?" കുട്ടു വീണ്ടും ചോദിച്ചു.
"ഓ ഞാൻ മറന്നു. അത് ഫ്രിഡ്ജിലിരിപ്പുണ്ട്, നീ അതിങ്ങെടുത്തോണ്ട് വാ. ഞാൻ ഹോട്ട് ഡോഗ് വെന്തോന്ന് ഒന്ന് നോക്കട്ടെ," ഞാൻ പറഞ്ഞു.
കുട്ടു ബിയർ എടുക്കാൻ പോയ നേരം വീണ്ടും ബെൽ മുഴങ്ങി. ബ്ലൈൻഡ്സിനിടയിലൂടെ നോക്കിയപ്പോൾ ചാക്കോച്ചനാണ്. വാതിൽ തുറന്ന പാടെ പച്ച മലയാളത്തിലുള്ള തെറിയഭിഷേകമായിരുന്നു. അവന്റെ പാകിസ്ഥാനി മാനേജർ അന്നും അവന് എട്ടിന്റെ പണി കൊടുത്തിട്ടുണ്ടെന്ന് ആ വരവിൽ നിന്നുതന്നെ വ്യക്തം. മാനേജരെയും സൂപ്പർവൈസറെയും ശപിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി.
"എടാ കുട്ടു... ഇന്നൊരു നാല്പത് ഔൺസിലൊന്നും ഇത് ഒതുങ്ങില്ല. വല്ല മാൾട്ടഡ് ബിയറും മേടിക്കണമായിരുന്നു," ഞാൻ പറഞ്ഞു.
ചൂടായ ഹോട്ട് ഡോഗുമായി വന്ന കുട്ടു, ചാക്കോച്ചന്റെ കലിപ്പ് കണ്ട് ഒരു ഫിലോസഫിക്കൽ ഡയലോഗ് കാച്ചി: "പോട്ടു ചാക്കോച്ചാ... ഇതൊക്കെയല്ലേ ജീവിതം! ആരേയെങ്കിലും തെറി പറഞ്ഞ് രണ്ടെണ്ണം വീശുന്നതിന്റെ സുഖം അതനുഭവിച്ചവർക്കല്ലേ അറിയൂ."
നിമിഷങ്ങൾക്കകം ബിയറും ഹോട്ട് ഡോഗും നഗറ്റ്സും കാലിയായി.
"ജില്ലും ജെറിയും ഇപ്പോൾ വരും, ഡാ മക്കളേ വേഗം ഇവിടം വൃത്തിയാക്കണം," കുട്ടു ഓർമ്മിപ്പിച്ചു.
കുപ്പികളും പാത്രങ്ങളും മാറ്റിയപ്പോഴേക്കും പുറത്ത് ജില്ലിന്റെ സ്കൂൾ ബസ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു. കുട്ടികൾ കാണാതെ ചാക്കോച്ചൻ പിൻവാതിലിലൂടെ തന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു. കുട്ടു വേഗം അവൾക്കുള്ള നഗറ്റ്സ് ചൂടാക്കാൻ വെച്ചു.
അവൾ വന്നപാടെ ഞാൻ കുളിക്കാൻ വിട്ടു. പിന്നാലെ ജെറിയുമെത്തി. അവർ കുളിച്ചു വരുമ്പോഴേക്കും പാലും നഗറ്റ്സും മേശപ്പുറത്ത് റെഡിയായിരുന്നു. ഇനി അമ്മായി വരും വരെ ഒരരമുക്കാൽ മണിക്കൂർ ഇവരോടൊപ്പം പിടിച്ചു നിൽക്കണം. കുട്ടികളുടെ കൂടെയിരുന്ന് ടിവിയിൽ 'പെപ്പാ പിഗ്' കണ്ടപ്പോഴേക്കും അടിച്ച ബിയറിന്റെ കെട്ട് പൂർണ്ണമായും ഇറങ്ങിപ്പോയിരുന്നു.
"ഈ പെപ്പാ പിഗ് ഒക്കെ ആർക്കു കാണണം," ഞാൻ പിറുപിറുത്തുകൊണ്ട് പുറത്തിറങ്ങി വാതിൽക്കൽ ഇരുന്നു. ദൂരെ നിന്നും അമ്മായിയുടെ കാർ വരുന്നത് കണ്ടതും ഞാൻ വിളിച്ചു പറഞ്ഞു, "ഡാ പെട്ടെന്ന് റെഡിയാക്, അമ്മായി എത്തി!"
അമ്മായി വണ്ടി നിർത്തി ഇറങ്ങിയപ്പോഴേക്കും, ഞാനും കുട്ടുവും അപ്പുറത്തെ വീട്ടിൽ നിന്നും ഷൂ ഒക്കെയിട്ട് ചാക്കോച്ചനും കളിക്കാൻ പോകാൻ റെഡിയായി പുറത്തിറങ്ങി. ചാക്കോച്ചന്റെ കാറിൽ ഞങ്ങൾ ബാസ്കറ്റ് ബോൾ കോർട്ടിലേക്ക് തിരിച്ചു. അവിടെ വാശിയേറിയ ഒരു ത്രീ-ഓൺ-ത്രീ മത്സരത്തിന് തയ്യാറായി ഷൈനും നിജോയും രാജയും കാത്തുനിൽപ്പുണ്ടായിരുന്നു.
കളിക്കിടയിലെ ബ്രേക്കിൽ, കിതപ്പകറ്റുന്നതിനിടയിൽ ചാക്കോച്ചൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെ എല്ലാവരോടുമായി പറഞ്ഞു:
"ഡാ... ഞാൻ നാളെ ചിലപ്പോ നാട്ടിൽ പോകും."
ഞങ്ങൾ അന്ധംവിട്ടു കുന്തം വിഴുങ്ങിയപോലെ നിന്നുപോയി. "എന്താടാ? എന്തുപറ്റി?"
"ഓ ഒന്നുമില്ല, ചുമ്മാ ഒരു രസം."
"നീ ടിക്കറ്റ് എടുത്തോ?" കുട്ടു ചോദിച്ചു.
"ഇല്ല, ഇന്ന് ചെന്നിട്ടു നോക്കണം."
ചാക്കോച്ചൻ അങ്ങനെയാണ്. എല്ലാം വളരെ പെട്ടെന്നാണ്. ഞങ്ങൾക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത 'നാട്ടിൽ പോക്ക്' നിമിഷനേരം കൊണ്ട് അവൻ പ്ലാൻ ചെയ്തപ്പോൾ, അവനോട് വല്ലാത്തൊരു അസൂയയാണ് തോന്നിയത്.
കളി കഴിഞ്ഞ് തിരികെ പോകുമ്പോഴും എന്റെ ചിന്ത എങ്ങനെ നാട്ടിലൊന്ന് പോകാമെന്നതായിരുന്നു. ഇങ്ങോട്ട് പറിച്ചു നട്ടിട്ട് ഇപ്പോൾ ഒന്നര വർഷം കഴിയുന്നു. നാടിന്റെ മണം ഇപ്പോഴും മൂക്കിൽ അലയടിക്കുന്നുണ്ട്. നാട്ടിൽ നിന്നും വിമാനം കയറുമ്പോൾ മനസ്സിൽ വരച്ചുവെച്ച അമേരിക്കയായിരുന്നില്ല ഇവിടെ വന്നപ്പോൾ കണ്ടത് എന്നതിന്റെ ഒരു വലിയ പരിഭവം ഇപ്പോഴും ബാക്കിയുണ്ട്. അതിലൊക്കെ ഉപരി, യാതൊരു മുന്നൊരുക്കവുമില്ലാതെ നിമിഷനേരം കൊണ്ട് നാട്ടിലേക്ക് പറക്കാൻ തീരുമാനിച്ച ചാക്കോച്ചനെ മനസ്സിൽ തെറിപറഞ്ഞുകൊണ്ട് ഞാൻ കിടക്കയിലേക്ക് മറിഞ്ഞു.
Comments
Post a Comment