ഓർമ്മകളുടെ വീണ്ടെടുപ്പ്: അനിവാര്യമായ ഒരു ഇടവേള
ഓർമ്മകളുടെ വീണ്ടെടുപ്പ്: അനിവാര്യമായ ഒരു ഇടവേള
എല്ലാവരും പറയാറുണ്ട് ഓർമ്മകൾ ഒരിക്കലും മരിക്കില്ലെന്ന്. എന്നാൽ എൻ്റെ മനസ്സിൽ നിന്ന് നല്ലതും ചീത്തയുമായ പല ഓർമ്മകളും മാഞ്ഞുപോയിരിക്കുന്നു എന്നതാണ് സത്യം. ആർക്കൈവുകളിൽ നിന്ന് ചികഞ്ഞെടുക്കുന്നതുപോലെ, ഏറെ പണിപ്പെട്ടാണ് ഞാൻ പല ഓർമ്മകളും മനസ്സിൽ നിന്നും തിരിച്ചെടുക്കുന്നത്. ഫേസ്ബുക്കിൽ ഇടുന്ന ആ കൊച്ചുകുറിപ്പുകൾ ആരെയും വേദനിപ്പിക്കാനല്ല, മറിച്ച് അതൊക്കെയെഴുതുമ്പോൾ എനിക്കു കിട്ടുന്ന ഒരു കൊച്ചു സന്തോഷത്തിന് വേണ്ടിയാണ്.
ജീവിതത്തിൻ്റെ നെട്ടോട്ടങ്ങൾക്കിടയിൽ എന്നോ നഷ്ടപ്പെട്ടുപോയതാണ് എൻ്റെ വായനാശീലവും എഴുത്തുമൊക്കെ. 1999-2000 കാലഘട്ടത്തിൽ അമേരിക്കയിലെ ഡിട്രോയിറ്റിൽ വന്നിറങ്ങിയ കാലത്തെ പല കാര്യങ്ങളും ഇന്ന് വ്യക്തമായി ഓർമ്മയില്ലെങ്കിലും, ചിലതൊക്കെ ഇപ്പോഴും മനസ്സിലൊരു കോണിൽ ബാക്കിനിൽപ്പുണ്ട്.
പെട്ടെന്നൊരു ദിവസം നടുവിനുണ്ടായ ചില അസ്വസ്ഥതകളാണ് എൻ്റെ ഈ തിരക്കുപിടിച്ച ഓട്ടത്തിന് താൽക്കാലികമായി ഒരു ബ്രേക്ക് ഇട്ടത്. ജോലിയിൽ നിന്ന് അവധിയെടുത്ത്, ബിസി ലൈഫിൽ നിന്നും മാറിനിൽക്കുന്ന ഈ വിശ്രമവേള ഞാൻ തീരുമാനിച്ചതല്ല, മറിച്ച് ദൈവത്തിൻ്റെ ഒരു ഇടപെടലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഈയൊരു മാറ്റം എനിക്ക് അനിവാര്യമായിരുന്നു. വീട്ടിലിരുന്ന ആ ദിവസങ്ങളിലാണ് വീണ്ടും ചില പുസ്തകങ്ങൾ വായിക്കാൻ ഇടയായത്. ആ വായനയാണ് എന്നിൽ ഉറങ്ങിക്കിടന്നിരുന്ന എഴുത്തിൻ്റെ വാസനയെ വീണ്ടും തൊട്ടുണർത്തിയത്. ഇനിയെത്രമാത്രം അത് രസം പിടിപ്പിക്കുമെന്ന് എനിക്കറിയില്ല, എങ്കിലും എഴുതണം.
ഈ പ്രതിസന്ധി ഘട്ടത്തിൽ ദൈവം എനിക്ക് കാണിച്ചുതന്ന ഏറ്റവും വലിയ സത്യം എൻ്റെ സപ്പോർട്ട് സിസ്റ്റം എത്രത്തോളം ശക്തമാണെന്നാണ്. എൻ്റെ പ്രിയ സഖി ജൊപ്പിയും എൻ്റെ മാതാവും പതിനഞ്ചുകാരനായ മകനും എൻ്റെ പ്രിയ കൂട്ടുകാരും ഒക്കെ ഈ യാത്രയിൽ എനിക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്നത് കാണുമ്പോൾ, ഇതിനൊക്കെ ഞാൻ എന്ത് യോഗ്യതയാണ് ചെയ്തതെന്ന് പലപ്പോഴും ചിന്തിച്ചുപോകുന്നു.
ആശുപത്രി കിടക്കയിൽ മാലാഖമാർക്കിടയിൽ കിടക്കുമ്പോഴും എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മാലാഖയായി ഞാൻ കണ്ടത് എൻ്റെ ജീവിതസഖിയായ ജോപ്പിയെയാണ്. അവളൊരു പീഡിയാട്രിക് നഴ്സായതുകൊണ്ടാകാം, ഒരു കൊച്ചുകുട്ടിയെ നോക്കുന്നതുപോലെയാണ് അവളെന്നെ നോക്കുന്നത്. ഓരോ കാര്യങ്ങളും ഒരു കുട്ടിയോടെന്നപോലെ പറഞ്ഞുതരുമ്പോൾ എനിക്ക് പലപ്പോഴും ദേഷ്യം തോന്നാറുണ്ടെങ്കിലും, അവളുടെ ആ കരുതലിനു മുന്നിൽ എൻ്റെ വാക്കുകൾ വഴിമാറുകയാണ്.
എന്തായാലും, എൻ്റെ ഓർമ്മകൾ ഉണരുന്നതിനനുസരിച്ച് പുതിയ ചില അനുഭവങ്ങൾ ഇനിയും എഴുതണം. ഇപ്പോൾ ഈ കുറിപ്പ് ഇവിടെ നിർത്തട്ടെ.
What is impossible with men is possible with God.
Comments
Post a Comment