പള്ളിയിലെ കഞ്ഞിയും കാലിടറിയ നിമിഷങ്ങളും
ഈ വർഷത്തെ (2026) ഹാശാ ആഴ്ചയിൽ എല്ലാദിവസവും പള്ളിയിൽ പോകണമെന്നും, വൈകുന്നേരത്തെ സന്ധ്യാനമസ്കാരത്തിൽ പങ്കെടുക്കണമെന്നും, കഴിയുമെങ്കിൽ കുമ്പിടണമെന്നും ഞാൻ തീരുമാനിച്ചിരുന്നു. 50 ദിവസത്തെ നോമ്പൊന്നും സാധാരണ എടുക്കാറില്ലെങ്കിലും, ആ ആഴ്ച സാധാരണ ഉള്ളതിനേക്കാൾ അല്പം ചിട്ടയായിട്ടാണ് ജീവിക്കുന്നത്. ദുഃഖവെള്ളിയാഴ്ച അവധിയായതുകൊണ്ട് ആ ആഴ്ച തിങ്കൾ മുതൽ വ്യാഴം വരെ മാത്രമേ എനിക്ക് ജോലിയുണ്ടായിരുന്നുള്ളൂ. രാവിലെ നാലുമണിക്ക് ജോലിക്ക് കയറിയാൽ 12:30 ആകുമ്പോൾ ജോലി കഴിയും. പിന്നെ വീട്ടിൽ വന്നാൽ ആവശ്യത്തിന് സമയമുണ്ട്, വേണമെങ്കിൽ ഒന്നു മയങ്ങുകയുമാകാം. ശേഷം വൈകിട്ട് പള്ളിയിൽ പോകാമല്ലോ. ആഗ്രഹിച്ചതുപോലെത്തന്നെ ആ ആഴ്ച തിങ്കൾ മുതൽ വ്യാഴാഴ്ച വരെ എല്ലാദിവസവും പള്ളിയിൽ പോകുകയും നമസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. കുമ്പിടുന്നത് ഒരെണ്ണം പോലും വിടാതെ മുഴുവനായും ചെയ്തു.
വ്യാഴാഴ്ച രാത്രിയിലെ പെസഹാ കുർബാന കഴിഞ്ഞ്, പിറ്റേദിവസം ദുഃഖവെള്ളിയാഴ്ചത്തെ കഞ്ഞിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങാൻ ഞാനും കൂടി. മോര് കാച്ചണം, പപ്പടം വറുക്കണം, തോരന് വേണ്ട സാധനങ്ങളൊക്കെ അരിഞ്ഞുവെക്കണം. ഇതിനൊക്കെ നേതൃത്വം നൽകിയത് ഫിലിപ്പച്ചായനും ഞങ്ങൾ 'സഹോ' എന്ന് വിളിക്കുന്ന വെണ്മണിക്കാരൻ ഷിജുവുമാണ്. 500റും ആയിരവും ആളുകൾക്ക് ഭക്ഷണം തയ്യാറാക്കാൻ നല്ല കഴിവും പ്രാപ്തിയുമുള്ളവരാണ് അവർ രണ്ടുപേരും. അവരോടൊപ്പം ഞാനും ചേർന്നു. കാരണം, ഭക്ഷണം പാകം ചെയ്യുന്നത് എന്നെ സംബന്ധിച്ചും വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്.
ഞാനും എന്നോടൊപ്പം കുറച്ചുപേരും കൂടെ ചേർന്ന് പപ്പടം വറുക്കൽ ഏറ്റെടുത്തു. പിറ്റേ ദിവസത്തേക്ക് വേണ്ട മുഴുവൻ പപ്പടവും വറുത്തുമാറ്റി. പപ്പടം വറുത്തത് പുറത്തുവെച്ചായതുകൊണ്ട്, അതിനുശേഷം അകത്തുള്ള കാര്യങ്ങളിൽ സഹായിക്കുന്നതിനായി ഞങ്ങൾ അടുക്കളയിലേക്ക് കയറി. ഇടയ്ക്കിടയ്ക്ക് അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന മോര് ഇളക്കുകയും രുചി നോക്കുകയും ചെയ്തു. മോര് തയ്യാറായപ്പോൾ എല്ലാവരും ചേർന്ന് അത് പിറ്റേ ദിവസത്തേക്ക് മാറ്റിവെക്കാനുള്ള പാത്രത്തിലേക്ക് പകർത്തി. അപ്പോഴേക്കും തോരന് വേണ്ട സാധനങ്ങളെല്ലാം അരിഞ്ഞുവെച്ചശേഷം മിക്കവരും അവിടെനിന്നും പോയിരുന്നു. ഇനി അവശേഷിക്കുന്നത് ഞങ്ങൾ ഏതാണ്ട് നാലോ അഞ്ചോ പേർ മാത്രമാണ്. കഞ്ഞിക്കുള്ള അരിയും കഴുകി മാറ്റിവെച്ചിട്ടുണ്ടായിരുന്നു.
രാവിലെ നാലുമണിക്ക് വെള്ളം വെച്ച്, അത് തിളച്ചുകഴിയുമ്പോൾ അരിയിടണം. രണ്ടു മണിയാകുമ്പോൾ തോരനുവേണ്ടിയുള്ള പണികൾ തുടങ്ങണം. ഇതായിരുന്നു പ്ലാൻ.
വലിയ ഉരുളിയിൽ എണ്ണയൊഴിച്ച് തിളച്ചപ്പോൾ, അതിലേക്ക് കടുകും കറിവേപ്പിലയും അരിഞ്ഞുവെച്ച ഉള്ളിയും ഇട്ട് ഞാൻ ഇളക്കിക്കൊണ്ടു നിന്നു. അതിനിടയിൽ എന്തോ എടുക്കാനായി ചെറുതായി ഒന്ന് കുനിഞ്ഞു. പെട്ടെന്ന് എൻറെ കാലിലെ ബലം നഷ്ടപ്പെട്ടതുപോലെ ഒരു തോന്നൽ. നേരെ നിൽക്കാൻ ശ്രമിച്ചപ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി. ആ രാത്രിയിൽ പലവട്ടം അങ്ങനെ സംഭവിച്ചു. എന്തായാലും ആ രാത്രി അങ്ങനെ കഴിച്ചുകൂട്ടി. തോരനും തയ്യാറാക്കി രാവിലത്തേക്കുള്ള അരിയും ഇട്ടു.
എന്നാൽ പിന്നെ വീട്ടിൽ പോയി കുളിച്ചിട്ട് വരാമെന്ന് ഞാൻ വിചാരിച്ചു. പത്ത്-പത്തര ആകുമ്പോഴേക്കും തിരികെ വന്നാൽ മതിയല്ലോ. പറ്റുമെങ്കിൽ ഒരു അരമണിക്കൂർ ഒന്ന് ഉറങ്ങണം. ഞാൻ നേരെ വണ്ടിയെടുത്ത് വീട്ടിൽ പോയി. കുളിച്ചുകൊണ്ടിരുന്നപ്പോൾ വീണ്ടും കാലിലെ ബലം ചോർന്നുപോകുന്നതുപോലെ എനിക്ക് തോന്നി, ഞാൻ അവിടെ ചെറുതായി ഒന്നുവീണു. വീട്ടിൽ ആരുമില്ലാതിരുന്നതുകൊണ്ട് ആരെയും വിളിച്ചില്ല. അവരെല്ലാവരും ദുഃഖവെള്ളിയാഴ്ചത്തെ ആരാധനയ്ക്കായി പള്ളിയിൽ പോയിരിക്കുകയായിരുന്നല്ലോ.
എന്തായാലും കഷ്ടപ്പെട്ട് ഒരുവിധത്തിൽ എഴുന്നേറ്റുനിന്ന് കുളി പൂർത്തിയാക്കി. അതിനുശേഷം അരമണിക്കൂർ ഉറങ്ങി. പിന്നെ പെട്ടെന്ന് ഒരുങ്ങി പള്ളിയിലേക്ക് തിരിച്ചുപോയി. പള്ളിയിലെത്തിയപ്പോൾ രണ്ടാം സർവീസ് തീരാറായിരുന്നു. മൂന്നാം സർവീസ് പള്ളിക്കകത്ത് നിന്ന് കൂടി. സർവീസ് കഴിഞ്ഞ് അല്പം കഞ്ഞിയും കുടിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്.
Comments
Post a Comment