ഒരു 'ചേതക്' ഓർമ്മയും മാടമുക്കിലെ ആക്സിഡന്റും

ഒരു 'ചേതക്' ഓർമ്മയും മാടമുക്കിലെ ആക്സിഡന്റും


ഒമ്പതിലോ പത്തിലോ പഠിക്കുന്ന കാലമാണെന്നാണ് ഓർമ്മ. ഇടവക പള്ളിയിൽ ആരെങ്കിലും പുതിയ സ്കൂട്ടറോ ബൈക്കോ വാങ്ങിയാൽ അതൊന്ന് ഓടിച്ചു നോക്കണം എന്നതായിരുന്നു അന്ന് ഞങ്ങളുടെയൊക്കെ ഒരു പ്രധാന ആഗ്രഹം. ആരു പുതിയ വണ്ടി കൊണ്ടുവന്നാലും, ഞായറാഴ്ച പള്ളിയിൽ നിന്ന് ഞാനതെടുത്ത് ഒരു റൗണ്ട് അടിക്കും. കുറഞ്ഞപക്ഷം തിരുവല്ല പഞ്ചമി വരെയെങ്കിലും പോയി പൊറോട്ടയും ചില്ലി ബീഫും മേടിച്ച് തിരിച്ചു വരിക എന്നതാണ് എൻ്റെയൊരു സ്ഥിരം പരിപാടി.

അന്നത്തെ റോഡിൻ്റെ അവസ്ഥയൊന്ന് പറയണം. കെ.പി യോഹന്നാൻ ചുമത്ര കണ്ടം നികത്തുന്ന സമയമായതുകൊണ്ട്, റോഡിലൂടെ എപ്പോഴും തുരതുരാ ടിപ്പർ ലോറികൾ മണ്ണുമായി പാഞ്ഞു കൊണ്ടിരിക്കും. ഹെവി വെയ്റ്റ് വണ്ടികൾ പോയി റോഡിൻ്റെ അവസ്ഥ തന്നെ പരിതാപകരമായിരുന്നു. പോരാത്തതിന് കെ.എസ്.ഇ.ബി ക്കാരോ വാട്ടർ അതോറിറ്റിയോ റോഡിൻ്റെ സൈഡ് കുഴിച്ച് ആ മണ്ണ് മുഴുവൻ റോഡിലേക്ക് തന്നെ കയറ്റിയിട്ടിരിക്കുകയുമായിരിക്കും. ഇടുങ്ങിയ റോഡും കുഴിച്ചെടുത്ത മണ്ണും കൂടിയാകുമ്പോൾ വണ്ടിയോടിക്കാൻ തീരെ സ്ഥലമില്ലാത്ത അവസ്ഥ.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച പള്ളിയിൽ ഒരാൾ പുതിയൊരു ബജാജ് ചേതക് സ്കൂട്ടർ കൊണ്ടുവന്നു. എങ്കിൽ പിന്നെ അതൊന്ന് ഓടിച്ചു നോക്കി രണ്ട് അഭിപ്രായം പറയണമല്ലോ! താക്കോൽ വാങ്ങി വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ട് എടുത്തപ്പോൾ ദാ വരുന്നു ജോജി. കയറിക്കൊള്ളാൻ പറഞ്ഞ് ഞങ്ങൾ വണ്ടിയെടുത്തു. പള്ളിയിലെ ആരാധന കഴിഞ്ഞ സമയമാണ്. കിഴക്കൻ മുത്തൂർ കഴിഞ്ഞ് മാടമുക്ക് ഇറക്കം ഇറങ്ങി കയറ്റത്തിലേക്ക് വന്നപ്പോൾ, ഒരു സെൻ്റ് മേരീസ് ബസ് ആ കയറ്റം കയറാൻ പാടുപെടുന്നത് കണ്ടു.
എന്നാൽപ്പിന്നെ അതിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോയിക്കളയാം എന്ന് കരുതി സ്കൂട്ടർ വെട്ടിച്ച് ബസ്സിൻ്റെ തൊട്ടുമുന്നിൽ എത്തിയതും, ദാണ്ടെ നിൽക്കുന്നു കെ.പി യോഹന്നാൻ്റെ ഒരു ടിപ്പർ ലോറി! ഒരു ഭൂതത്താനെപ്പോലെ തൊട്ടുമുന്നിൽ!

ഒരു നിമിഷം എൻ്റെ കൺട്രോൾ പാളി. സ്കൂട്ടർ നേരെ വെട്ടിച്ചത് സൈഡിലെ കുഴിയിലേക്കാണ്. റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്ന മണ്ണിലേക്ക് സ്കൂട്ടർ കയറിയതും ഞാൻ വണ്ടിയിൽ നിന്നു തെറിച്ചു പോയി. ചെന്ന് വീണത് അപ്പുറത്തെ മതിലിലാണ്—തല അപ്പുറത്തും കാൽ ഇപ്പുറത്തുമായി നടുവടിച്ച് മതിലിന്മേൽ ഒരു കിടപ്പ്! ജോജിയാണെങ്കിൽ നേരെ ചെന്ന് വീണത് ആ കുഴിയിലും. ഇതിനിടയിൽ സ്കൂട്ടർ യാതൊന്നും സംഭവിക്കാത്ത മാതിരി ആ മണ്ണിൻ്റെ മുകളിൽ സുരക്ഷിതമായി ഇരിപ്പുണ്ടായിരുന്നു.
പെട്ടെന്ന് നാട്ടുകാരെല്ലാം ഓടിക്കൂടി. പല ഭാഗത്തുനിന്നും തെറിവിളികൾ കേൾക്കാം. "വായു ഗുളിക മേടിക്കാൻ പോകുവാണോടാ?" എന്നൊക്കെയുള്ള ചോദ്യങ്ങൾ വേറെയും. എന്തായാലും കുഴിയിൽ കിടന്ന ജോജിയെ വലിച്ചെടുത്ത്, മതിലിൽ കിടന്ന ഞാനും താഴെയിറങ്ങി. സ്കൂട്ടർ നേരെ വെച്ച് മണ്ണെല്ലാം തുടച്ചു കളഞ്ഞ്, ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ച് പള്ളിയിലെത്തി വണ്ടി ഉടമസ്ഥനെ ഏൽപ്പിച്ചു.

അന്നത്തെ ആ ആക്സിഡന്റിൽ എനിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും തോന്നിയില്ല. പക്ഷേ കൃത്യം ഒരാഴ്ച കഴിഞ്ഞ് ശനിയാഴ്ച രാവിലെ, കട്ടിലിൽ നിന്ന് എനിക്ക് എണീക്കാൻ പറ്റാതായി. വീട്ടുകാർ എന്നെ വാരിത്തങ്ങിയെടുത്തു നാലുകോടിക്കലെ സെൻ്റ് റീത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എക്സ്റേയും സ്കാനിങ്ങും ഒക്കെ നടത്തി ഡോക്ടർ കാരണം കണ്ടെത്തി—നടുവിന് അകൽച്ചയുണ്ട്!

"എന്ത് പറ്റി?" എന്ന് വീട്ടുകാരും ഡോക്ടറും ചോദിച്ചപ്പോൾ എനിക്കറിയില്ല എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച സ്കൂട്ടറിൽ പോയി നടുവടിച്ച് വീണ കാര്യം വീട്ടുകാർക്ക് അറിയില്ലല്ലോ. എന്തായാലും ട്രാക്ഷനും ഇട്ട് രണ്ടാഴ്ചയോളം ഞാൻ അവിടെ കിടന്നു.
ഇന്നെന്നെ അലട്ടുന്ന ഈ നടുവേദനയുടെ യഥാർത്ഥ തുടക്കം അവിടുന്നാണ്. അന്ന് എൻ്റെ കൂടെയുണ്ടായിരുന്ന ജോജി ഇന്ന് ലണ്ടനിലാണ്. ഇന്നലെ ഞങ്ങൾ സംസാരിച്ചപ്പോഴും പറഞ്ഞു, ഈ വിവരങ്ങളെല്ലാം ഇപ്പോഴും നല്ല ഓർമ്മയുണ്ടെന്ന്.
ഈ ചേതക് ഓർമ്മകൾക്ക് ജീവൻ വെക്കാൻ വേണ്ടിയാണ് ഏതാണ്ട് രണ്ടുമൂന്ന് മാസം മുൻപ് ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിൽ വിൽപ്പനയ്ക്ക് വന്ന ഒരു വിൻ്റേജ് ചേതക് ഞാൻ സ്വന്തമാക്കിയത്. അതിപ്പോൾ എൻ്റെ വീട്ടിൽ സുഖമായി ഇരിപ്പുണ്ട്. പലപ്പോഴും വെറുതെ അതൊന്നെടുത്ത് സ്റ്റാർട്ട് ആക്കി നോക്കും, അത്രമാത്രം.
ഓർമ്മകളുടെ ഈ പുസ്തകത്തിൽ ഇനിയും താളുകൾ ബാക്കിയുണ്ട്. ഓർമ്മകൾ വരുമ്പോൾ അതും ഞാൻ കുറിക്കാം.

Comments

Popular posts from this blog

ഒരു ക്രിസ്മസ് ചിന്ത'

പരിചയക്കാരൻ്റെ സംരംഭം: താങ്ങാവേണ്ടവർ തളർത്തുമ്പോൾ.

What a Church in Houston Can Teach Us About Building Healthy Habits Together