ആശങ്കയുടെ ദിനങ്ങൾ: കാലിലെ തളർച്ചയും തലയിലെ സ്കാനിങ്ങും
ദുഃഖവെള്ളിയാഴ്ചത്തെ ആരാധനയും കഴിഞ്ഞ്, കഞ്ഞിയും കുടിച്ച് വീട്ടിലേക്ക് മടങ്ങിയപ്പോഴേക്കും ഏതാണ്ട് 3 മണി കഴിഞ്ഞിരുന്നു. അപ്പോഴും കാലിൻറെ ബലക്കുറവ് എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. വണ്ടി ഓടിക്കുമ്പോൾ കുഴപ്പമൊന്നുമില്ല; ബ്രേക്കും ആക്സിലേറ്ററുമൊക്കെ നന്നായി ഉപയോഗിക്കാൻ പറ്റുന്നുണ്ട്. വീട്ടിലെത്തിയ ഉടനെ, കഴിഞ്ഞ രാത്രിയിലെ ഉറക്കക്ഷീണം കാരണം ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി. കാലിൻറെ ബലക്കുറവിനെക്കുറിച്ചുള്ള ആശങ്കകൊണ്ടാണോ എന്നറിയില്ല, ഉറക്കത്തിൽ ഞാൻ വല്ലാത്തൊരു സ്വപ്നം കണ്ടു. ഞാൻ ഒരു വലിയ ഹൈവേയിലൂടെ പാട്ടുംകേട്ട് വണ്ടിയോടിച്ച് പോവുകയാണ്. പെട്ടെന്ന് മുന്നിലെന്തോ കണ്ട് ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചു, പക്ഷേ സാധിക്കുന്നില്ല. കാലനക്കാനോ ബ്രേക്ക് ചവിട്ടാനോ കഴിയുന്നില്ല. വണ്ടി വെട്ടിത്തിരിച്ച് എവിടെയോ കൊണ്ടിടിച്ചു എന്നാണ് ഓർമ്മ. പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നു. സന്ധ്യ കഴിഞ്ഞപ്പോഴാണ് പിന്നീട് ഉണർന്നത്.
ഈസ്റ്റർ ഞായറാഴ്ച അപ്പവും ചിക്കൻ സ്റ്റൂവും നൽകാമെന്ന് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടായിരുന്നു. അതും ഉണ്ടാക്കണം. ശനിയാഴ്ച രാത്രിയിൽ വീണ്ടും എല്ലാവരും ഒത്തുകൂടി. ഷിജുവും ഫിലിപ്പച്ചായനും പാചകത്തിന്റെ ക്രമീകരണങ്ങൾ ഏറ്റെടുത്തു, കൂടെ ഞാനും. അങ്ങനെ രാത്രി മുഴുവൻ നിന്ന് ഞങ്ങൾ ചിക്കൻ സ്റ്റൂ തയ്യാറാക്കി. ഒരു തരി പോലും മല്ലിപ്പൊടി ചേർക്കാതെയുള്ള തനി നാടൻ ചിക്കൻ സ്റ്റൂവാണ് ഞങ്ങൾ ഉണ്ടാക്കിയത്. നാലുമണിയാകുമ്പോൾ അപ്പം ഉണ്ടാക്കാൻ കുറച്ചാളുകൾ കൂടി വരും. ചിക്കൻ സ്റ്റൂവിന്റെ പണികളെല്ലാം അഞ്ചുമണിയായപ്പോഴേക്കും കഴിഞ്ഞു. ഇതിനുപുറമെ, അല്പം വെജിറ്റബിൾ കറിയും ഉണ്ടാക്കിയിരുന്നു. പക്ഷേ, അതിന് വലിയ പബ്ലിസിറ്റിയൊന്നും കൊടുത്തില്ല. വെജിറ്റബിൾ കറിയുണ്ടെന്ന് അറിഞ്ഞാൽ എല്ലാവരും അത് ചോദിക്കും; ചിക്കൻ കറി വേണ്ട എന്ന് പറയുന്നവർക്ക് മാത്രം അത് കൊടുത്താൽ മതിയല്ലോ എന്ന് കരുതിയാണ് ആരോടും പറയാതിരുന്നത്. എന്തായാലും ആവശ്യത്തിന് കറിയൊക്കെ തയ്യാറാക്കി, അഞ്ചുമണി കഴിഞ്ഞപ്പോഴേക്കും അപ്പം ഉണ്ടാക്കാനായി വന്നവരോടൊപ്പം ഞങ്ങളും കൂടി.
ഈസ്റ്റർ ആരാധന എട്ടുമണിക്കാണ്. ആരാധനയൊക്കെ കഴിഞ്ഞ് 11 മണിക്ക് മുമ്പായി വരുന്നവർക്കെല്ലാം അപ്പവും കറിയും കൊടുക്കണം. അതിനുള്ള ആളുകളെല്ലാം തയ്യാറായിക്കഴിഞ്ഞു. എന്നാൽ, പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ ആരാധനയ്ക്ക് വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞപ്പോൾ ചുമതലക്കാരോടൊപ്പം ഞങ്ങൾക്കും ചെറിയൊരു വെപ്രാളമുണ്ടായി. ഭക്ഷണം തികയാതെ വരുമോ എന്നതായിരുന്നു ഭയം. അതുകൊണ്ടുതന്നെ അല്പം സൂക്ഷിച്ച് വിളമ്പണമെന്ന് വിളമ്പുന്നവരോട് പറഞ്ഞു. കൊച്ചുകുട്ടികൾക്ക് ഒരപ്പവും, ബാക്കിയുള്ളവർക്ക് രണ്ട് അപ്പവും മാത്രമേ കൊടുക്കാവൂ എന്ന് കർശന നിർദ്ദേശം നൽകി. കറി വിളമ്പുന്ന കാര്യത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ; നോക്കിയും കണ്ടും വിളമ്പണമെന്ന് എല്ലാവരോടും പറഞ്ഞേൽപ്പിച്ചു.
അവസാനമായപ്പോഴേക്കും അപ്പം ഏതാണ്ട് എല്ലാവർക്കും തികഞ്ഞു. ബാക്കി ഒരു അഞ്ചോ ആറോ പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് അപ്പം മാറ്റിവെച്ചിരുന്നതുകൊണ്ട് അവർക്കും കൊടുക്കാൻ പറ്റി. അങ്ങനെ എല്ലാവർക്കും എല്ലാം തികഞ്ഞു. അതിന് മറ്റൊരു കാരണം കൂടിയുണ്ട്; കുറച്ചുപേരെങ്കിലും കഴിക്കാതെ പോയിരുന്നു. കുടുംബമായി മറ്റെവിടെയെങ്കിലും ഒത്തുകൂടാൻ പ്ലാൻ ഉള്ളതുകൊണ്ടാകാം അവർ പോയത്.
പിന്നെയുള്ള വലിയൊരു വിഷയം, ബാക്കിവന്ന ഭക്ഷണം ആര് കൊണ്ടുപോകും എന്നതായിരുന്നു. ചിലരുടെയൊക്കെ വരവ് കണ്ടാൽ ഇന്നേവരെ ഈ സാധനം കണ്ടിട്ടില്ലാത്തതുപോലെയാണ്! അധികമുള്ള കറികളെല്ലാം അവർ വാരിക്കൊണ്ടുപോകുകയായിരുന്നു. മറ്റുള്ളവർക്കും കൂടി വേണമെന്ന് വിചാരിച്ച് വേണം ഓരോരുത്തരും എടുക്കാൻ എന്ന് ചുമതലക്കാർ പറയുന്നുണ്ടായിരുന്നു. പക്ഷേ ആരു കേൾക്കാൻ! വീട്ടിൽ കൊണ്ടുപോയി ഫ്രീസറിൽ വെച്ച് പിന്നീട് ആവശ്യമുള്ളപ്പോൾ എടുത്തു കഴിക്കാനായിരിക്കും അവർ കൊണ്ടുപോകുന്നത്. പക്ഷേ ആ എടുപ്പ് കണ്ടാൽ ആരും മൂക്കത്ത് വിരൽവെച്ചുപോകും. എന്തായാലും ആ കൊട്ടിക്കലാശമൊക്കെ കഴിഞ്ഞ് ഞാൻ വീട്ടിൽ പോയി. തിങ്കളാഴ്ച ജോലിക്ക് പോകേണ്ടതാണ്. അതുകൊണ്ട് ഇനിയും അവിടെ നിന്നാൽ ക്ഷീണം കൂടുകയല്ലാതെ വേറെ പ്രയോജനമൊന്നുമില്ല.
തിങ്കളാഴ്ച രാവിലെ പതിവുപോലെ മൂന്നുമണിക്ക് എണീറ്റു. ജോലിയിൽ നാലുമണിക്ക് പ്രവേശിക്കണം. നാലരയ്ക്കാണ് ബാക്കിയെല്ലാവരും വരുന്നത്. ഞാൻ സാധാരണ നാലുമണിക്ക് അവിടെ ചെല്ലും. ജോലിസ്ഥലത്തുവെച്ച് ഒന്നോ രണ്ടോ വട്ടം കാലിലെ ബലക്ഷയം അനുഭവപ്പെട്ടു. താഴെ വീഴാൻ പോകുന്നതുപോലെ തോന്നിയപ്പോൾ പ്രൈമറി കെയർ ഡോക്ടറെ വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്തു. ജോലി കഴിഞ്ഞ് പോകുന്ന വഴിക്ക് ഡോക്ടറെ കാണാമല്ലോ എന്ന് കരുതി വൈകിട്ട് മൂന്നരയ്ക്കുള്ള അവസാനത്തെ അപ്പോയിന്റ്മെന്റാണ് എടുത്തത്.
അവിടെ ചെന്നപ്പോൾ പതിവുപോലെ രക്തം പരിശോധിക്കാൻ എടുത്തു. ഡോക്ടറോട് വിവരങ്ങൾ പറഞ്ഞപ്പോൾ, കാലിൽ മുള്ളുകൊള്ളുന്നതുപോലെ തോന്നലുണ്ടോ, തൊടുമ്പോൾ അറിയുന്നുണ്ടോ എന്നൊക്കെ അദ്ദേഹം ചോദിച്ചു. ഉണ്ടെന്ന് ഞാൻ മറുപടിയും നൽകി. പക്ഷേ, എനിക്കനുഭവപ്പെടുന്ന ബുദ്ധിമുട്ട് എങ്ങനെയാണ് ഡോക്ടറെ പറഞ്ഞുമനസ്സിലാക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എൻറെ കാലിൽ തികച്ചും വ്യത്യസ്തമായ ഒരുതരം ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ചിലപ്പോൾ അതൊരു 'ഡിലേയ്ഡ് സെൻസേഷൻ' (delayed sensation) പോലെ തോന്നും. എൻറെ കാലിൽ ഞാൻ തന്നെ കൂടുതൽ അമർത്തി നുള്ളിയാൽ മാത്രമേ എനിക്ക് ആ വേദന അറിയാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ. അങ്ങനെ വളരെ വിചിത്രമായൊരു അനുഭവമാണ് എനിക്ക് കാലിൽ തോന്നിയത്.
ചിലപ്പോൾ പ്രമേഹം (Diabetes) കാരണമാകാം ഇങ്ങനെ സംഭവിക്കുന്നതെന്ന് പറഞ്ഞ ഡോക്ടർ, A1C പരിശോധിക്കാൻ നിർദ്ദേശിച്ചു. അവിടെവെച്ചുതന്നെ അത് പരിശോധിച്ചു. ശരിയാണ്, ഡയബറ്റിസ് ഒരല്പം കൂടിയിട്ടുണ്ട്. അപ്പോൾ പിന്നെ അതായിരിക്കും എൻറെ ഈ പ്രശ്നത്തിന് കാരണമെന്ന് ഞാനും വിശ്വസിച്ചു. ഡോക്ടർ കുറിച്ചുതന്ന മരുന്നും വാങ്ങി ഞാൻ വീട്ടിലേക്ക് മടങ്ങി.
പിറ്റേ ദിവസവും പതിവുപോലെ ജോലിക്ക് പോയി. പക്ഷേ, ഓരോ ദിവസം കഴിയുന്തോറും എൻറെ കാലിലെ ബലക്ഷയം കൂടിക്കൂടി വരുന്നതുപോലെ എനിക്ക് തോന്നിത്തുടങ്ങി. അതിനാൽ വെള്ളിയാഴ്ച ജോലിക്ക് പോകാതെ ഞാൻ അടുത്തുള്ള ഒരു എമർജൻസി ഹോസ്പിറ്റലിലേക്ക് (Standalone ER) പോയി. അവിടെ ചെന്ന് ഈ വിവരങ്ങളൊക്കെ ഡോക്ടറോട് പറഞ്ഞു. പെട്ടെന്നുതന്നെ ഒരു സി.ടി. സ്കാൻ (CT Scan) ചെയ്യണമെന്ന് അവർ നിർദ്ദേശിച്ചു. ഏത് ഭാഗത്താണ് സ്കാൻ ചെയ്യുന്നതെന്ന് അതിനിടയിൽ ഞാൻ ശ്രദ്ധിച്ചില്ല. മെഡിക്കൽ കാര്യങ്ങളിലുള്ള എന്റെ അറിവില്ലായ്മ കൊണ്ടാകാം, ഞാനൊട്ട് ചോദിച്ചതുമില്ല.
സ്കാൻ എടുക്കാൻ അവിടെ ചെന്ന് കിടന്നപ്പോഴാണ് എൻറെ തലയ്ക്കാണ് സി.ടി. സ്കാൻ എടുക്കുന്നതെന്ന് എനിക്ക് മനസ്സിലായത്. കാലിന്റെ പ്രശ്നവും പറഞ്ഞ് വന്ന എനിക്ക്, എന്തിനാണ് ഇവർ തലയ്ക്ക് സ്കാൻ എടുക്കുന്നതെന്ന് ഞാൻ ആലോചിച്ചു. എനിക്കൊന്നും മനസ്സിലായില്ല. ഒരുപക്ഷേ ഞാൻ പറഞ്ഞത് ഇവർക്ക് മനസ്സിലാവാത്തതുകൊണ്ടാണോ, അതോ എൻറെ തലയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് അവർക്ക് തോന്നിയതുകൊണ്ടാണോ അവർ തലയ്ക്ക് സ്കാൻ എടുത്തത് എന്ന് ഞാൻ ചിന്തിച്ചു. എന്തായാലും തലയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന സ്കാനിംഗ് റിപ്പോർട്ടും വാങ്ങി ഞാൻ വീട്ടിലെത്തി.
അന്ന് ഭാര്യ ജോലിയിലായിരുന്നു. ഞാൻ അവളോട് ചോദിച്ചു, "എന്തിനാ കാലിന്റെ പ്രശ്നത്തിന് ഇവർ തലയ്ക്ക് സി.ടി. സ്കാൻ എടുത്തത്?" എന്ന്. അപ്പോഴാണ് എനിക്ക് കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായത്. സ്ട്രോക്കിന്റെ (Stroke) വല്ല ലക്ഷണവുമാണോ എന്നറിയാനാണ് അവർ തലയ്ക്ക് സ്കാൻ എടുത്തത്! എന്തായാലും എനിക്കൊരു കാര്യം വ്യക്തമായി; എൻറെ തലയ്ക്ക് വലിയ കുഴപ്പമൊന്നുമില്ല എന്ന്.
Comments
Post a Comment