മതപരിവർത്തനം: ബൈബിളിന്റെ വെളിച്ചത്തിൽ ഒരു അവലോകനം
മതപരിവർത്തനം: ബൈബിളിന്റെ വെളിച്ചത്തിൽ ഒരു അവലോകനം
അജു വാരിക്കാട്
ദൈവനാമത്തിന് മഹത്വം. മതപരിവർത്തനം എന്ന വിഷയം പഞ്ചാബിൽ അനേകർ ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തീയ മതം സ്വീകരിക്കുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്. മതപരിവർത്തനം എന്നത് വ്യക്തിപരമായ ആത്മീയ തീരുമാനമാണെങ്കിലും അതിന്റെ പ്രചോദനങ്ങൾ, ഉദ്ദേശ്യങ്ങൾ, ഫലങ്ങൾ എന്നിവ വചനത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്.
1. പഴയ നിയമത്തിലെ വിഗ്രഹാരാധനയും മതപരിവർത്തനവും
പഴയ നിയമത്തിൽ ദൈവം മോശയ്ക്കു 10 കല്പനകൾ നൽകിയപ്പോൾ അതിൽ ഏറ്റവും പ്രാധാന്യമേറിയത് അന്യദൈവാരാധന നിരോധിക്കലായിരുന്നു: "പുറപ്പാടു 20:3-5 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു.
Thou shalt have no other gods before me. Thou shalt not make unto thee any graven image, or any likeness of any thing that is in heaven above, or that is in the earth beneath, or that is in the water under the earth.
പഴയനിയമത്തിലെ ഇസ്രായേലിന്റെ ചരിത്രം പരിശോധിച്ചാൽ ഒരുപാട് തവണ അവർ വിഗ്രഹാരാധനയിലേക്കു വഴുതി വീണതായും അതിന്റെ ഫലമായി ദൈവത്തിന്റെ ശിക്ഷ അനുഭവിച്ചതും കാണാം. അവർക്കുള്ള എല്ലാ കഷ്ടതകളും അന്യ ദൈവാരാധനയുടെ ഫലമായിരുന്നു.
2. പുതിയ നിയമത്തിൽ വിഗ്രഹാരാധനയുടെ വ്യാഖ്യാനം
പുതിയനിയമത്തിൽ, അത്യാഗ്രഹത്തെയും ലോകസ്നേഹത്തെയും വിഗ്രഹാരാധനയായി വിശേഷിപ്പിക്കുന്നു: "അത്യാഗ്രഹം വിഗ്രഹാരാധനയാകുന്നു" (കൊലൊസ്സ്യർ 3:5). "പണത്തോടുള്ള മോഹം സകലവിധ ദോഷത്തിൻറെ മൂലമാണു" (1 തിമോത്തി 6:10).
ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ( കൊലോസ്യർ 3 : 5 )
Mortify therefore your members which are upon the earth; fornication, uncleanness, inordinate affection, evil concupiscence, and covetousness, which is idolatry
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.For the love of money is the root of all evil: which while some coveted after, they have erred from the faith, and pierced themselves through with many sorrows.
പണം, പ്രൊസ്പെരിറ്റി, സുഖ ജീവിതം എന്നിവയെ ദൈവത്തിന് മുകളിൽ വച്ചാൽ അതും വിഗ്രഹാരാധന തന്നെയാണ്. പുതിയ നിയമം നമ്മെ ഉയരത്തിലുള്ള കാര്യങ്ങളെയാണ് ചിന്തിക്കാൻ പഠിപ്പിക്കുന്നത്: "ഭൂമിയിലുള്ളതല്ല, ഉയരത്തിലുള്ളതല്ലേ ചിന്തിപ്പിൻ" (കൊലൊസ്സ്യർ 3:2).
3. മതപരിവർത്തനം: ലക്ഷ്യം എന്താണ്?
പഞ്ചാബിൽ അനേകർ ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തീയ മതം സ്വീകരിക്കുന്നുവെന്ന വാർത്ത ഇപ്പോൾ വ്യാപകമായി നാം കേൾക്കുന്ന ഒരു വിഷയമാണ്. എന്നാൽ അവരിൽ ഭൂരിപക്ഷം പേരുടെയും കാരണം പരിശോധിച്ചാൽ, അത് വെറും ഭൗതിക അനുഗ്രഹങ്ങൾ, രോഗസൗഖ്യം, സാമ്പത്തിക രക്ഷപ്പെടൽ എന്നിവയൊക്കെ ആണെന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഇത്തരം മതപരിവർത്തനത്തിൽ എന്തെങ്കിലും ആത്മീയതയുണ്ടോ?
യേശുക്രിസ്തു പറഞ്ഞതിങ്ങനെയാണ്: "ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാനാവില്ല" (മത്തായി 6:24).
ഒരാളെ മതം മാറ്റിയാലും അയാളുടെ മനസ്സിന്റെ പരിവർത്തനം സാധ്യമാകുന്നില്ലെങ്കിൽ അതൊരു 'മതപരിവർത്തനം' മാത്രമാണ്, ആത്മപരിവർത്തനം അല്ല. യേശുക്രിസ്തു അർത്ഥമാക്കിയിരിക്കുന്നത്, മതം മാറിയാലും ഹൃദയം മാറിയില്ലെങ്കിൽ അതിന് യാതൊരു വിലയും ഇല്ല എന്നാണ്.
4. പ്രൊസ്പെരിറ്റി ഗോസ്പൽ: ഒരു വ്യാജ വിശ്വാസം
ഇന്ന് പ്രൊസ്പെരിറ്റി ഗോസ്പൽ എന്ന വ്യാജ ഉപദേശമാണ് പലർക്കും ക്രിസ്തീയതയുടെ മുഖം. ഭൗതിക അനുഗ്രഹങ്ങളോടുള്ള അതിയായ അഭിനിവേശത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു പ്രത്യേകതരം അത്യാഗ്രഹം ആണ് പ്രൊസ്പെരിറ്റി ഗോസ്പൽ. അത്യാഗ്രഹം നയിക്കുന്ന മതപരിവർത്തനം യേശുക്രിസ്തുവിന്റെ സന്ദേശം അല്ല. പഴയ നിയമത്തിൽ ഇസ്രായേൽമക്കൾ മരുഭൂമിയിൽ നടക്കുമ്പോൾ അവർ ദൈവത്തോട് അപകൃതിയായി പ്രതികരിച്ചു: "അവർ വേഗത്തിൽ അവൻറെ പ്രവർത്തികളെ മറന്ന് ആലോചനയ്ക്ക് കാത്തിരുന്നതുമില്ല" എന്ന സങ്കീർത്തനത്തിൽ നാം കാണുന്നു. (സങ്കീർത്തനം 106:13).
അത്യാഗ്രഹം മൂലം അവർക്ക് ക്ഷയം സംഭവിച്ചുവെന്ന് വായിക്കുന്നു. അതുപോലെയാണ് പ്രൊസ്പെരിറ്റി ഗോസ്പൽ വിശ്വാസികളെ ലോകസ്നേഹത്തിലേക്കും, വിഗ്രഹാരാധനയിലേക്കും നയിക്കുന്നത്.
5. സത്യമായ ആത്മപരിവർത്തനം: ഒരു വിശുദ്ധ ജീവിതം
യേശുക്രിസ്തു പറഞ്ഞ ആത്മപരിവർത്തനം പൂർണ്ണമായും ഹൃദയത്തിന്റെ മാറ്റമാണ്: "നിങ്ങൾ വീണ്ടും ജനിച്ചിരിക്കണം" (യോഹന്നാൻ 3:3). പൗലോസ് എഴുതുന്നു: "വിശ്വാസത്താൽ, കൃപയാൽ തന്നെയാണ് നിങ്ങളുടെ രക്ഷ. പ്രവർത്തിയാൽ അല്ല" (എഫെസ്യർ 2:8-9).
6. പഞ്ചാബിൽ നടക്കുന്ന മതപരിവർത്തനം: വസ്തുതയും വിശകലനവും
പഞ്ചാബിൽ ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യൻമതം സ്വീകരിക്കുന്നത് കൂടുതലും സാമൂഹിക സുരക്ഷ, ജാതി വേർതിരിവിൽ നിന്നും മോചനം, പള്ളിയുടെ സഹായങ്ങൾ തുടങ്ങിയ ഭൗതിക കാരണങ്ങളാലാണ്. എന്നാൽ അവരുടെ ഹൃദയത്തിൽ യഥാർത്ഥ ആത്മപരിവർത്തനം സംഭവിച്ചോ എന്ന് അതാണ് പ്രധാനമായ ചോദ്യം.
"സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്നവർക്കായി ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറുള്ള ആത്മാവിനെ അയക്കുന്നു" (2 തെസ്സലോനിക്ക 2:11).
7. മതപരിവർത്തനം വേണമോ ആത്മപരിവർത്തനം വേണമോ? യേശുക്രിസ്തു ഒരു മത സ്ഥാപകനല്ല. അദ്ദേഹം കാണിച്ച വഴി ആത്മപരിവർത്തനത്തിലേക്കുള്ളതാണ്: "ഞാൻ മാർഗം, സത്യം, ജീവൻ" (യോഹന്നാൻ 14:6). മതപരിവർത്തനം ഒരു ഹൃദയപരിവർത്തനമാകണമെന്നതാണ് യേശു ക്രിസ്തു ആഗ്രഹിക്കുന്നത്. വെറും മതത്തിന്റെ പേരിൽ ആളുകൾ കൂട്ടത്തോടെ ക്രിസ്തീയതയിലേക്ക് വരുന്നത് ആത്മീയമല്ല, സാമൂഹിക സംഭവമാണ്.
8. ക്രിസ്ത്യാനികളുടെ ഉത്തരവാദിത്വം
ക്രിസ്ത്യാനികളായ നാം മാതൃകയുള്ള വിശ്വാസജീവിതം കാണിച്ചുകൊണ്ട് ആത്മപരിവർത്തനം പ്രചരിപ്പിക്കുകയാണ് പ്രധാന ഉത്തരവാദിത്വം. ഭൗതിക അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രൊസ്പെരിറ്റി ഗോസ്പൽ മുഖേന അല്ല, യേശുക്രിസ്തുവിന്റെ സ്നേഹത്തെയും, കുരിശിന്റെ സന്ദേശത്തെയും മുന്നോട്ടു വച്ച് തന്നെ മതപരിവർത്തനം സംഭവിക്കണം.
"നിങ്ങൾ ഭൂമിയുടെ ഉപ്പ്" (മത്തായി 5:13).
"നിങ്ങൾ ലോകത്തിന്റെ വെളിച്ചം" (മത്തായി 5:14).
ആത്മപരിവർത്തനത്തിലേക്കുള്ള ആഹ്വാനം.
മതം മാറുന്നത് ഒരു വലിയ കാര്യമല്ല, ഹൃദയത്തിൻറെ പരിവർത്തനമാണ് ആവശ്യം അതിനാണ് പ്രാധാന്യം. യഥാർത്ഥ ക്രിസ്ത്യാനി ഒരിക്കലും മറ്റൊരാളെ മതം മാറാൻ പ്രേരിപ്പിക്കില്ല. എന്നാൽ സ്നേഹത്തിലും വിശ്വാസത്തിലും മാതൃകയാകും. പഞ്ചാബിലോ, കേരളത്തിലോ അല്ലെങ്കിൽ ലോകത്തിന്റെ ഏതു ഭാഗത്തായാലും ആത്മപരിവർത്തനം മാത്രമേ ദൈവരാജ്യത്തിലേക്ക് നയിക്കുകയുള്ളൂ.
"ആദ്യം ദൈവരാജ്യവും അവൻറെ നീതിയും അന്വേഷിപ്പിൻ; അതിനൊടുകൂടെ മറ്റെല്ലാം നിങ്ങൾക്കു ലഭിക്കും" (മത്തായി 6:33).
ദൈവം അനുഗ്രഹിക്കട്ടെ.
Comments
Post a Comment