അമേരിക്കൻ ഗവൺമെന്റ് ഷട്ട്ഡൗൺ

യു.എസ്. ഗവൺമെന്റ് ഷട്ട്ഡൗൺ എന്ന പദം വാർത്തകളിൽ പലപ്പോഴും കേൾക്കാറുണ്ട്. ഇത് അമേരിക്കൻ രാഷ്ട്രീയത്തിലെ ഒരു ആവർത്തിച്ചുള്ള പ്രതിസന്ധിയാണ്. സർക്കാർ ഓഫീസുകൾ അടച്ചിടുകയും ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം മുടങ്ങുകയും ചെയ്യുന്ന ഈ അവസ്ഥ എന്തുകൊണ്ടാണ് സംഭവിക്കുന്നത്? 

ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ തുടരാൻ ആവശ്യമായ പണം ഇല്ലാതാകുമ്പോഴാണ് ഒരു ഷട്ട്ഡൗൺ സംഭവിക്കുന്നത്. ഒരു കുടുംബത്തിന്റെ ബജറ്റ് തീരുമ്പോൾ അപ്രധാനമായ ചെലവുകൾ നിർത്തുന്നതിനോട് ഇതിനെ ഉപമിക്കാം. നിയമപരമായി പറഞ്ഞാൽ, 1884-ലെ ആന്റിഡിഫിഷ്യൻസി നിയമപ്രകാരം, യു.എസ്. കോൺഗ്രസ് ഫണ്ടിംഗ് അനുവദിക്കാതെ സർക്കാർ ഏജൻസികൾക്ക് പണം ചെലവഴിക്കാനോ ബാധ്യതകൾ ഏറ്റെടുക്കാനോ കഴിയില്ല. കോൺഗ്രസിന് ബജറ്റ് പാസാക്കാൻ കഴിയാതെ വരുമ്പോൾ, സർക്കാർ അതിന്റെ "അപ്രധാനമായ" പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതരാകുന്നു. 

അതായത് വളരെ ലളിതമായി പറഞ്ഞാൽ ഗവൺമെന്റിന്റെ കയ്യിൽ ചിലവഴിക്കാൻ പണമില്ലാതെ വരുന്ന ഒരു അവസ്ഥ. അമേരിക്കൻ കോൺഗ്രസ് ഓരോ സാമ്പത്തിക വർഷത്തേക്കും ആവശ്യമായ ഫണ്ടിങ് ബില്ലുകൾ പാസാക്കണം.അങ്ങനെ ചെയ്തില്ലെങ്കിൽ അവിടെ ആന്റി ഡെഫിഷ്യൻസി ആക്ട് എന്നൊരു നിയമമുണ്ട് അതനുസരിച്ച് കോൺഗ്രസിന്റെ അനുമതിയില്ലാതെ സർക്കാർ ഏജൻസികൾക്ക് പണം ചിലവഴിക്കാനോ പുതിയ ബാധ്യതകൾ ഏറ്റെടുക്കാനോ പറ്റില്ല. അപ്പോ ഫണ്ടിങ് നിലയ്ക്കുമ്പോൾ സർക്കാർ അതിൻറെ അനിവാര്യമല്ലാത്ത എല്ലാ പ്രവർത്തനങ്ങളും നിർത്തുന്നു അതാണ് ഷട്ട്ഡൗൺ 

എന്നാൽ എല്ലാ സർക്കാർ പ്രവർത്തനങ്ങളും നിലയ്ക്കുന്നില്ല.  രാജ്യസുരക്ഷ നിയമപാലനം എയർ ട്രാഫിക് കൺട്രോൾ കാലാവസ്ഥ പ്രവചനം അങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തിനും അത്യാവശ്യമായ സേവനങ്ങൾ തുടർന്നും പ്രവർത്തിക്കും ഈ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഷട്ട്ഡൗൺ സമയത്ത് ശമ്പളം ലഭിക്കില്ലെങ്കിലും, അത് അവസാനിച്ചതിന് ശേഷം മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകും.  ദേശീയ പാർക്കുകൾ, സ്മാരകങ്ങൾ, മ്യൂസിയങ്ങൾ എന്നിവ അടച്ചിടും. പാസ്‌പോർട്ട്, വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് പോലുള്ള സേവനങ്ങൾ വൈകും. ചെറുകിട ബിസിനസ്സ് ലോണുകൾ അനുവദിക്കുന്നത് തടസ്സപ്പെടും. ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ എണ്ണം കുറയും. ഈ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാരെ ശമ്പളമില്ലാതെ താൽക്കാലികമായി പിരിച്ചുവിടും (furlough). 

അമേരിക്കയിലെ കഴിഞ്ഞകാല ഷട്ട്ഡൗണുകളുടെ ഒരു പ്രധാന കാരണം യു.എസ്. ബജറ്റ് പ്രക്രിയയുടെ സങ്കീർണ്ണതയാണ്.  സാധാരണ രാഷ്ട്രീയ വഴക്കുകളാണ് കാരണമെന്ന് നമ്മൾ ചിന്തിക്കാം, പക്ഷേ ഹാർവാർഡ് സ്കൂളിന്റെ റിപ്പോർട്ടിൽ ഇതിന്റെ ഘടനാപരമായ ഒരു കാരണം പറയുന്നുണ്ട് ഏകദേശം 50 വർഷം മുൻപ് 1974ൽ പാസാക്കിയ ഒരു ബഡ്ജറ്റ് പരിഷ്കരണ നിയമമാണ് ഇതിൻറെ ഒരു പ്രധാന കാരണം. 1974-ലെ ബജറ്റ് പരിഷ്കരണ നിയമം പ്രസിഡന്റിൽ നിന്ന് കോൺഗ്രസിലേക്ക് ബജറ്റിന്റെ അധികാരം മാറ്റുകയുണ്ടായി. മുൻപ് ബഡ്ജറ്റ് തയ്യാറാക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റിനായിരുന്നു കൂടുതൽ അധികാരം. എന്നാൽ അന്ന് പ്രസിഡന്റ് ആയിരുന്ന റിച്ചാർഡ് നിക്സൺ കോൺഗ്രസ് അനുവദിച്ച ഫണ്ട് ചില പ്രത്യേക പദ്ധതികൾക്കായി നൽകാതെ തടഞ്ഞുവെച്ചു ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമം മാറ്റി. അധികാരം ഒരാളുടെ കയ്യിൽ നിന്ന് പലരുടെ കയ്യിലേക്ക് മാറിയപ്പോൾ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി. അതോടെ ബഡ്ജറ്റ് എന്നത് ഒരു രാഷ്ട്രീയ ആയുധമായി മാറി. ഏതെങ്കിലും ഒരു ചെറിയ ഗ്രൂപ്പിന് പോലും തങ്ങളുടെ ആവശ്യം നേടിയെടുക്കാൻ വേണ്ടി ബഡ്ജറ്റ് മൊത്തത്തിൽ തടഞ്ഞുവെക്കാൻ കഴിയുന്ന ഒരു സാഹചര്യം വന്നു.

സാധാരണ അമേരിക്കയിലെ ഷട്ട്ഡൗണുകൾ ബജറ്റിലെ അഭിപ്രായവ്യത്യാസങ്ങൾ കാരണം സംഭവിക്കുമ്പോൾ, 2025-ലെ സ്തംഭനം വ്യത്യസ്തമായിരുന്നു. ഈ സമയത്ത് റിപ്പബ്ലിക്കൻമാർക്ക് ജനപ്രതിനിധി സഭ, സെനറ്റ്, പ്രസിഡന്റ് പദം എന്നിവയിൽ പൂർണ്ണ നിയന്ത്രണം (trifecta) ഉണ്ടായിരുന്നു. അതിനാൽ, ഇത് കേവലം കണക്കുകളെ കുറിച്ചുള്ള തർക്കമായിരുന്നില്ല, മറിച്ച് പ്രധാനപ്പെട്ട നയപരമായ വിഷയങ്ങളെച്ചൊല്ലിയുള്ള ഒരു രാഷ്ട്രീയ പോരാട്ടമായിരുന്നു.  2025ലെ ഷട്ട്ഡൗണിന്റെ കേന്ദ്രബിന്ദു ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ചിലവുകളായിരുന്നു. 

ഒന്ന് അഫോർഡബിൾ കെയർ ആക്ട് അതായത് ഒബാമ കെയർ എന്ന് വിളിക്കുന്ന പദ്ധതിക്ക് കീഴിലുള്ള സബ്സിഡികൾ തുടരണോ വേണ്ടയോ എന്നത്

രണ്ട് വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട് എന്ന പുതിയ നിയമത്തിലൂടെ മെഡിക്കൽ വെൽഫെയർ സിസ്റ്റത്തിൽ വരുത്തിയ ചില മാറ്റങ്ങളെ ചൊല്ലിയുള്ള തർക്കം


ട്രംപ് ഭരണകൂടം ഡെമോക്രാറ്റുകളെയാണ് പൂർണമായും കുറ്റപ്പെടുത്തുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വാദം ഇതായിരുന്നു ഗവൺമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ അവരൊരു ക്ലീൻ കണ്ടിന്യൂ റെസല്യൂഷൻ മുന്നോട്ടു വെച്ചു. അതായത് പുതിയ രാഷ്ട്രീയ തർക്കങ്ങൾ ഒന്നും ചേർക്കാതെ പഴയപടി കാര്യങ്ങൾ മുന്നോട്ടു പോകട്ടെ എന്നൊരു താൽക്കാലിക ധാരണ. നിലവിലുള്ള ഫണ്ടിങ് തലത്തിൽ കുറച്ചുകാലത്തേക്ക് കൂടി ഗവൺമെൻറ് പ്രവർത്തിക്കട്ടെ പ്രധാന തർക്കങ്ങൾ നമുക്ക് പിന്നീട് ചർച്ച ചെയ്യാം എന്നൊരു നിലപാട്. പക്ഷേ ഡെമോക്രാറ്റികൾ അനധികൃത കുടിയേറ്റക്കാർക്ക് ആരോഗ്യ പരിരക്ഷ നൽകുന്നത് പോലുള്ള വിഷയങ്ങൾ ഇതിൽ കൂട്ടിച്ചേർക്കാൻ ശ്രമിച്ചു എന്നും അതുകൊണ്ടാണ് ബിൽ പാസാകാത്തതെന്നും വൈറ്റ് ഹൗസ് വാദിച്ചു. 

എന്നാൽ മറുവശത്ത് ഡെമോക്രാറ്റുകളുടെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമായിരുന്നു. ആരോഗ്യ സംരക്ഷണം അവരുടെ രാഷ്ട്രീയത്തിന്റെ ഒരു അടിസ്ഥാന ശിലയായിരുന്നു. ഒബാമ കെയർ പോലുള്ള പദ്ധതികളെ സംരക്ഷിക്കേണ്ടത് അവരുടെ നിലനിൽപ്പിന്റെ തന്നെ പ്രശ്നമായിരുന്നു. മുൻപ് നടന്ന ചർച്ചയിൽ ഈ താൽക്കാലിക ബില്ലിനെ പിന്തുണച്ചാൽ പ്രധാന വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാമെന്ന് റിപ്പബ്ലിക്കന്മാർ വാക്ക് നൽകിയിരുന്നു എന്നാൽ ആ വാക്ക് അവർ പാലിച്ചില്ല. . അതുകൊണ്ടുതന്നെ റിപ്പബ്ലിക്കന്മാരുടെ വാഗ്ദാനങ്ങളിൽ ഡെമോക്രാറ്റുകളുടെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. 

ഓരോ ഷട്ട്ഡൗണും സർക്കാരിന് കാര്യങ്ങൾ കാര്യക്ഷമമായി ചെയ്യാൻ കഴിയുമെന്ന പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്നു. ലിൻഡ ബിൽംസിന്റെ വാക്കുകളിൽ, "ഇത് ദോഷകരമാണ്, കാരണം കാലക്രമേണ, ഈ ഗവൺമെന്റ് ഷട്ട്ഡൗണുകൾ സർക്കാരിന് പ്രവർത്തിക്കാനും കാര്യങ്ങൾ ചെയ്യാനുമുള്ള കഴിവിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുന്നു." ("It is pernicious because over time, these government shutdowns...lead to a loss of public confidence"). ഇത് ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നു. 

അജു വാരിക്കാട്.


Comments

Popular posts from this blog

What a Church in Houston Can Teach Us About Building Healthy Habits Together

ഒരു ക്രിസ്മസ് ചിന്ത'

Is Your Retirement Plan Ready for the Future? Key Factors to Consider as All Baby Boomers Reach Retirement Age