ഒരു രാജ്യത്തിന്റെ കഥ: ദേശീയതയുടെ മുഖംമൂടിയണിഞ്ഞ ഒരു രാഷ്ട്രീയ വിപ്ലവം

ഒരു രാജ്യത്തിന്റെ കഥ: ദേശീയതയുടെ മുഖംമൂടിയണിഞ്ഞ ഒരു രാഷ്ട്രീയ വിപ്ലവം

ഇത് വെറുമൊരു രാഷ്ട്രീയ കഥയല്ല. വിശ്വാസവും ദേശീയതയും അധികാരമോഹവും കൂടിക്കലർന്നപ്പോൾ ഒരു രാജ്യത്തിന് സംഭവിച്ച മാറ്റങ്ങളുടെ കഥയാണ്.

ഒരിക്കൽ ലോകത്തിന് മുന്നിൽ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശക്തമായ പ്രതീകമായി തലയുയർത്തി നിന്നിരുന്ന ഒരു രാജ്യമുണ്ടായിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും ഭരണപരമായ പോരായ്മകളും ആ രാജ്യത്തും ഉണ്ടായിരുന്നു. എങ്കിലും ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളിലൊന്നെന്ന അഭിമാനം ആ ജനതയ്ക്കുണ്ടായിരുന്നു.

അങ്ങനെയിരിക്കെ, ഒരു സുപ്രഭാതത്തിൽ, വിവാദങ്ങളും അഹങ്കാരവും അധികാരമോഹവും കൈമുതലാക്കിയ ഒരു മനുഷ്യന് ആ രാജ്യത്തിന്റെ പ്രസിഡന്റാകണമെന്ന് തോന്നി.

അധികാരത്തിലേക്കുള്ള വഴി അയാൾ വളരെ വേഗം തിരിച്ചറിഞ്ഞു.

മനുഷ്യന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ അവന്റെ ചിന്തകളെയും നിയന്ത്രിക്കാം. അതിന് ഏറ്റവും ശക്തമായ രണ്ട് ആയുധങ്ങളാണ് മതവും ദേശീയതയും.

അയാൾ ആ രണ്ട് ആയുധങ്ങളും സമർത്ഥമായി ഉപയോഗിച്ചു.

ജീവിതത്തിൽ ക്രിസ്തീയ മൂല്യങ്ങൾ എത്രത്തോളം പിന്തുടർന്നിട്ടുണ്ടെന്നത് നിരന്തരം ചോദ്യം ചെയ്യപ്പെട്ടിരുന്ന ആ മനുഷ്യൻ, മതവിശ്വാസികളുടെ രക്ഷകനായി സ്വയം അവതരിപ്പിച്ചു.

അയാൾ ജനങ്ങൾക്ക് മുന്നിൽ ഒരു മുദ്രാവാക്യം അവതരിപ്പിച്ചു.

Make America Great Again — MAGA.

കേൾക്കാൻ മനോഹരമായ ഒരു ആശയം!

നഷ്ടപ്പെട്ടുപോയ രാജ്യത്തിന്റെ മഹത്വം തിരിച്ചുപിടിക്കണം. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കണം. സ്വന്തം ജനതയുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകണം.

ഈ ആശയങ്ങളോട് ആർക്കാണ് എതിർപ്പുണ്ടാകുക?

എന്നാൽ ആ മുദ്രാവാക്യത്തിൽ അയാൾ അല്പം ദേശീയതയും അതിലേറെ മതവികാരവും ചേർത്തു. ഭയവും അഭിമാനവും ഒരുപോലെ ഉണർത്തുന്ന രാഷ്ട്രീയ ഭാഷ ഉപയോഗിച്ചു.

ദേശീയതയും മതവികാരവും നല്ല വളക്കൂറുള്ള മണ്ണാണ്. അതിൽ വിതച്ച ആശയം വളരെ വേഗം വേരുപിടിച്ചു.

ആദ്യം അതൊരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. പിന്നീട് അതൊരു വികാരമായി. ക്രമേണ ചിലർക്കെങ്കിലും അതൊരു വിശ്വാസമായി മാറി.

അമേരിക്കൻ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ദീർഘകാല പാരമ്പര്യമുള്ള ഗ്രാൻഡ് ഓൾഡ് പാർട്ടി, അഥവാ റിപ്പബ്ലിക്കൻ പാർട്ടി, ഈ പുതിയ പ്രസ്ഥാനത്തിന്റെ ശക്തമായ സ്വാധീനത്തിലായി.

ഒരുകാലത്ത് വ്യക്തിസ്വാതന്ത്ര്യം, പരിമിതമായ സർക്കാർ ഇടപെടൽ, സാമ്പത്തിക അച്ചടക്കം, ഭരണഘടനാ മൂല്യങ്ങൾ തുടങ്ങിയ ആശയങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന പാർട്ടിയുടെ രാഷ്ട്രീയ മുൻഗണനകൾ മാറിത്തുടങ്ങി.

പാർട്ടിക്കുള്ളിൽ MAGA വളർന്നു. പാർട്ടിയുടെ നേതൃത്വത്തെയും സ്ഥാനാർത്ഥികളെയും നയങ്ങളെയും സ്വാധീനിച്ചു.

ഒടുവിൽ MAGAയും റിപ്പബ്ലിക്കൻ പാർട്ടിയും തമ്മിലുള്ള അതിർവരമ്പുകൾ പോലും പലർക്കും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായി.

പക്ഷേ കഥ അവിടെ അവസാനിച്ചില്ല.

അയാളുടെ രാഷ്ട്രീയ ഉയർച്ചയ്ക്ക് മതത്തിന്റെ അനുഗ്രഹം നൽകാൻ ചില മതനേതാക്കളും രംഗത്തെത്തി.

പാസ്റ്റർമാരും സുവിശേഷപ്രസംഗകരും മറ്റു മതനേതാക്കളും അദ്ദേഹത്തെ ദൈവം തിരഞ്ഞെടുത്ത നേതാവായി ചിത്രീകരിക്കാൻ തുടങ്ങി.

വേദപുസ്തകത്തിലെ വചനങ്ങൾക്ക് രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നൽകപ്പെട്ടു. ചില പ്രസംഗവേദികളിൽ വിശ്വാസവും രാഷ്ട്രീയ അനുസരണവും തമ്മിലുള്ള വ്യത്യാസം മങ്ങിത്തുടങ്ങി.

ദൈവത്തിലുള്ള വിശ്വാസവും ഒരു രാഷ്ട്രീയ നേതാവിനോടുള്ള അന്ധമായ വിധേയത്വവും ഒന്നല്ലെന്ന സത്യം പലരും മറന്നുപോയി.

ചിലർക്ക് അയാൾ തെറ്റുകൾ ചെയ്യാത്ത നേതാവായി. അയാൾ പറയുന്നതെല്ലാം ശരിയായി. അയാൾക്കെതിരെയുള്ള വിമർശനങ്ങൾ രാജ്യത്തിനെതിരെയും മതത്തിനെതിരെയുമുള്ള ആക്രമണങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു.

വിദ്യാഭ്യാസവും വിവേകവും ചിന്താശേഷിയുമുള്ളവരെന്ന് നമ്മൾ കരുതിയിരുന്ന സമൂഹത്തിലെ ചിലർ പോലും ഈ വ്യക്തിപൂജയിൽ അകപ്പെട്ടു.

തെളിവുകൾക്കുപകരം വിശ്വാസം വന്നു.

ചോദ്യങ്ങൾക്കുപകരം അനുസരണം വന്നു.

രാഷ്ട്രീയ നിലപാടുകൾ പതുക്കെ മതവിശ്വാസത്തിന്റെ ഭാഗമെന്നപോലെ മാറി.

അങ്ങനെ ആ മനുഷ്യൻ ഒരുനാൾ രാജ്യത്തിന്റെ പ്രസിഡന്റായി അധികാരത്തിലെത്തി.

ആദ്യ ഭരണകാലത്ത് സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും ഉൾപ്പെടെ ചില നേട്ടങ്ങൾ ഉണ്ടായി. അനുയായികൾ അദ്ദേഹത്തെ മഹാനായ ഭരണാധികാരിയായി വാഴ്ത്തി.

എന്നാൽ അപ്പോഴാണ് ലോകത്തെ നടുക്കിയ കോവിഡ് മഹാമാരി എത്തിയത്.

മഹാമാരിയെ നേരിട്ട രീതിയും അദ്ദേഹത്തിന്റെ പ്രസ്താവനകളും തീരുമാനങ്ങളും വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. സാമ്പത്തിക പ്രതിസന്ധിയും സാമൂഹിക സംഘർഷങ്ങളും രാജ്യത്തെ പിടിച്ചുലച്ചു.

അടുത്ത പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അദ്ദേഹത്തെ പരാജയപ്പെടുത്തി.

പക്ഷേ അയാൾ പരാജയം അംഗീകരിക്കാൻ തയ്യാറായില്ല. തിരഞ്ഞെടുപ്പ് സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രൂപപ്പെട്ടു.

ഇവിടെ വേദപുസ്തകത്തിലെ അന്ത്യകാല വിവരണങ്ങളെക്കുറിച്ച് ചിലർ പറയുന്ന ഒരു വ്യാഖ്യാനം ഓർമ വരുന്നു. ആദ്യം സമാധാനത്തിന്റെയും പ്രതീക്ഷയുടെയും മുഖവുമായി എത്തുകയും പിന്നീട് ദുരിതങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന ഒരു വഞ്ചകനായ  ഭരണാധികാരിയുടെ ചിത്രം.

അത് ഈ മനുഷ്യനെക്കുറിച്ചുള്ള പ്രവചനമാണെന്ന് ഞാൻ പറയുന്നില്ല. അത്തരമൊരു താരതമ്യത്തിന് വേദശാസ്ത്രപരമായ തെളിവുമില്ല.എങ്കിലും വരാൻ പോകുന്ന വലിയ ദുരന്തത്തിന്റെ നിഴൽ ആണോ ഇത്? 

എങ്കിലും, അധികാരത്തിനുവേണ്ടി വിശ്വാസത്തെ ഉപയോഗിക്കുന്ന നേതാക്കളെക്കുറിച്ച് ചിന്തിക്കുമ്പോൾ അത്തരം മുന്നറിയിപ്പുകൾ പ്രസക്തമായി തോന്നുന്നു.

ഇതിനിടയിൽ മറ്റൊരു യാഥാർത്ഥ്യവും കാണാതെ പോകുന്നില്ല.

ഈ രാജ്യത്തെ രാഷ്ട്രീയ പോരാട്ടം എല്ലായ്പ്പോഴും ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധമായിരുന്നില്ല.

മലയാളത്തിലെ ലൂസിഫർ എന്ന സിനിമയിലെ പ്രസിദ്ധമായ ഡയലോഗ് ഓർമ വരുന്നു. അത് എവിടെയാണ് ശരിയായി അന്വർത്ഥമാകുന്നത്.

ഇവിടെ പോരാട്ടം ധർമ്മവും അധർമ്മവും തമ്മിലല്ല. അധർമ്മവും അധർമ്മവും തമ്മിലാണ്.

Devil versus Devil!

ഒരു പക്ഷത്തിന്റെ തെറ്റുകൾ മറ്റേ പക്ഷത്തെ വിശുദ്ധരാക്കുന്നില്ല.

ഒരു പാർട്ടിയുടെ പരാജയം മറ്റേ പാർട്ടിയുടെ ധാർമ്മിക വിജയമാണെന്നും അർത്ഥമില്ല.

എന്നാൽ അധികാരം നഷ്ടപ്പെട്ടിട്ടും MAGAയുടെ സ്വാധീനം അവസാനിച്ചില്ല.

മറിച്ച്, ആ പ്രസ്ഥാനം കൂടുതൽ ശക്തമായി. അമേരിക്കൻ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ അടിത്തറയിൽ തന്നെ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അത് വളർന്നു.

പരമ്പരാഗത റിപ്പബ്ലിക്കൻ നേതാക്കളിൽ പലരും പിന്നിലേക്ക് മാറി. ചിലർ നിശ്ശബ്ദരായി. മറ്റു ചിലർ പുതിയ രാഷ്ട്രീയ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെട്ടു.

അങ്ങനെ അടുത്ത പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ അതേ മനുഷ്യൻ വീണ്ടും അധികാരത്തിലെത്തി.

ഇത്തവണ അയാളുടെ രാഷ്ട്രീയ ആത്മവിശ്വാസം കൂടുതൽ ശക്തമായിരുന്നു.

തന്നെ ചോദ്യം ചെയ്യുന്നവരെ ശത്രുക്കളായി ചിത്രീകരിക്കുന്ന ഭാഷ, എതിരാളികളെ പരിഹസിക്കുന്ന പ്രസ്താവനകൾ, സഖ്യരാജ്യങ്ങളുമായുള്ള സംഘർഷങ്ങൾ, വിവാദപരമായ ഭരണനടപടികൾ — ഇതെല്ലാം വീണ്ടും രാജ്യത്തിന്റെ രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും അവയുടെ യഥാർത്ഥ ഫലങ്ങളും തമ്മിലുള്ള അന്തരം വിമർശകർ ചോദ്യം ചെയ്യാൻ തുടങ്ങി.

അമേരിക്കയുടെ പരമ്പരാഗത സഖ്യകക്ഷികളുമായുള്ള ബന്ധങ്ങളിൽ പോലും വിള്ളലുകൾ പ്രകടമായി.

എന്നാൽ അനുയായികളിൽ ഒരു വിഭാഗത്തിന് ഇതൊന്നും വലിയ പ്രശ്നമായിരുന്നില്ല.

അയാൾ എന്തു പറഞ്ഞാലും അതിന് ന്യായീകരണമുണ്ടായിരുന്നു.

അയാൾ തെറ്റു ചെയ്താൽ അത് തന്ത്രമായിരുന്നു.

അയാൾ ആരെയെങ്കിലും അപമാനിച്ചാൽ അത് ധൈര്യമായിരുന്നു.

അയാൾ നിലപാട് മാറ്റിയാൽ അത് ബുദ്ധിപരമായ നീക്കമായിരുന്നു.

മറ്റൊരാൾ ചെയ്താൽ തെറ്റാകുന്ന പല കാര്യങ്ങളും അയാൾ ചെയ്താൽ ശരിയായി മാറുന്ന വിചിത്രമായ രാഷ്ട്രീയ സംസ്കാരം രൂപപ്പെട്ടു.

ഒരു നേതാവിനെ പിന്തുണയ്ക്കുന്നത് ജനാധിപത്യമാണ്. എന്നാൽ ഒരു നേതാവിനെയും ചോദ്യം ചെയ്യാൻ പാടില്ലെന്ന് വിശ്വസിക്കുന്നത് ജനാധിപത്യമല്ല. അത് വ്യക്തിപൂജയാണ്.

കാലം മുന്നോട്ടുപോയപ്പോൾ ഭരണകൂടത്തിന്റെ നയങ്ങളിൽ നിരാശരായ ജനങ്ങളുടെ ശബ്ദം ശക്തമായി.

ജീവിതച്ചെലവ്, സാമ്പത്തിക അനിശ്ചിതത്വം, ഭരണരീതിയോടുള്ള അതൃപ്തി, രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ — ഇതെല്ലാം പൊതുചർച്ചകളിൽ നിറഞ്ഞു.

ഒടുവിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാരിൽ പലരും ഭരണകക്ഷിക്കെതിരെ വിധിയെഴുതി.

അതൊരു പ്രതിപക്ഷത്തിനുള്ള നിരുപാധികമായ അംഗീകാരമായിരുന്നില്ല.

മറിച്ച്, അധികാരത്തിലിരിക്കുന്നവർക്കുള്ള മുന്നറിയിപ്പായിരുന്നു.

ഇവിടെയാണ് കഥയിലെ ഏറ്റവും വലിയ വിരോധാഭാസം.

ജനങ്ങൾ ഒരുപക്ഷത്തെ ശിക്ഷിക്കാൻ മറ്റൊരു പക്ഷത്തെ തിരഞ്ഞെടുക്കുന്നു. പിന്നീട് ആ പക്ഷത്തിന്റെ ഭരണത്തിൽ നിരാശരാകുമ്പോൾ വീണ്ടും ആദ്യത്തെ പക്ഷത്തിലേക്ക് തിരിയുന്നു.

അങ്ങനെ അധികാരം മാറിമാറി വരുന്നു.

എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ എത്രത്തോളം പരിഹരിക്കപ്പെടുന്നു?

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് ജനങ്ങളാണ്.

കാരണം ഒരു രാജ്യത്തെ നശിപ്പിക്കാൻ എപ്പോഴും ഒരു സ്വേച്ഛാധിപതി മാത്രം മതിയാകണമെന്നില്ല.

സ്വന്തം നേതാവിന്റെ തെറ്റുകളെ ന്യായീകരിക്കുകയും എതിർപക്ഷത്തിന്റെ തെറ്റുകളെ മാത്രം ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു സമൂഹവും അതിന് വഴിയൊരുക്കും.

മതം മനുഷ്യനെ നന്മയിലേക്കാണ് നയിക്കേണ്ടത്. ദേശീയത സ്വന്തം രാജ്യത്തെ സ്നേഹിക്കാനാണ് പഠിപ്പിക്കേണ്ടത്.

മതം രാഷ്ട്രീയ അധികാരത്തിന്റെ ആയുധമാകുമ്പോഴും ദേശീയത അന്ധമായ വ്യക്തിപൂജയായി മാറുമ്പോഴും രണ്ടിന്റെയും യഥാർത്ഥ അർത്ഥം നഷ്ടപ്പെടുന്നു.

ഒരു ക്രിസ്ത്യാനിയുടെ പരമമായ വിശ്വസ്തത ക്രിസ്തുവിനോടായിരിക്കണം; ഒരു രാഷ്ട്രീയ നേതാവിനോടല്ല.

ഒരു രാജ്യസ്നേഹിയുടെ വിശ്വസ്തത രാജ്യത്തിന്റെ ഭരണഘടനയോടും ജനാധിപത്യ മൂല്യങ്ങളോടുമായിരിക്കണം; ഒരു വ്യക്തിയോടല്ല.

രാജ്യത്തെ സ്നേഹിക്കുന്നതും ഒരു നേതാവിനെ ആരാധിക്കുന്നതും രണ്ടാണ്.

ഈ കഥയിലെ ഏറ്റവും വലിയ ദുരന്തം ഒരു വിവാദ മനുഷ്യൻ രണ്ടുതവണ പ്രസിഡന്റായി എന്നതല്ല.

അയാളെ പിന്തുണയ്ക്കുന്നതിനോ എതിർക്കുന്നതിനോ വേണ്ടി സ്വന്തം ചിന്താശേഷിയും ധാർമ്മിക നിലപാടുകളും ഉപേക്ഷിക്കാൻ ചിലർ തയ്യാറായി എന്നതാണ്.

ഒടുവിൽ ഒരു ചോദ്യം മാത്രം ബാക്കിയാകുന്നു.

ഒരു രാജ്യം മഹത്തരമാകുന്നത് അതിന്റെ നേതാവ് മഹാനാണെന്ന് ജനങ്ങൾ വിശ്വസിക്കുമ്പോഴാണോ? അതോ എത്ര ശക്തനായ നേതാവിനെയും ചോദ്യം ചെയ്യാനുള്ള ധൈര്യം ആ രാജ്യത്തെ ജനങ്ങൾക്കുണ്ടാകുമ്പോഴാണോ?

അതിന്റെ ഉത്തരം തന്നെയാണ് ഒരു ജനാധിപത്യത്തിന്റെ ഭാവി തീരുമാനിക്കുന്നത്.

Comments

Popular posts from this blog

ഒരു ക്രിസ്മസ് ചിന്ത'

പരിചയക്കാരൻ്റെ സംരംഭം: താങ്ങാവേണ്ടവർ തളർത്തുമ്പോൾ.

ദിലീപിനെ കുടുക്കാൻ വമ്പൻ ഗൂഢാലോചനയെന്ന് മാർട്ടിൻ; ലാലിനും മഞ്ജുവിനും എതിരെ ഗുരുതര ആരോപണങ്ങൾ