സർവ്വം മായ: മനസ്സ് നിറയ്ക്കും ഒരു ക്രിസ്മസ് സമ്മാനം
സർവ്വം മായ: മനസ്സ് നിറയ്ക്കും ഒരു ക്രിസ്മസ് സമ്മാനം ക്രിസ്മസ് രാവിൽ സിനി മാർക്ക് മിസോറി സിറ്റിയിലെ 7:20-നുള്ള ഷോയ്ക്ക് 'സർവ്വം മായ' കാണാൻ കയറുമ്പോൾ, മനസ്സിന് സന്തോഷം നൽകുന്ന ഒരു നല്ല ഫീൽ ഗുഡ് അനുഭവം മാത്രമായിരുന്നു പ്രതീക്ഷ. സിനിമ കണ്ടിറങ്ങിയപ്പോൾ ആ പ്രതീക്ഷ തെറ്റിയില്ലെന്ന് മാത്രമല്ല, ഞാൻ എന്താണോ ആഗ്രഹിച്ചത് അത് പൂർണ്ണമായും ലഭിച്ച സംതൃപ്തിയാണ് അനുഭവപ്പെട്ടത്. 'ഹൊറർ-കോമഡി' എന്ന ലേബലിലാണ് ചിത്രം എത്തിയതെങ്കിലും, ഭയപ്പെടുത്തുന്നതിനേക്കാൾ ഉപരി, പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ഹൃദ്യമായ ഫീൽ ഗുഡ് സിനിമയാണിത്. സാധാരണ പ്രേത സിനിമകളിലെ ഭീകരതയല്ല, മറിച്ച് ഒരു സുഹൃത്തിനെപ്പോലെ കൂടെ സഞ്ചരിക്കുന്ന പ്രേതവും, 'വിസ്മയത്തുമ്പത്ത്' പോലെയൊക്കെ ഓർമ്മിപ്പിക്കുന്ന ഒരു ഫാന്റസി ഘടകവുമാണ് ചിത്രത്തിന്റെ കാതൽ. ആ ഒരു 'ഫിക്ഷൻ എലമെന്റ്' ഉൾക്കൊണ്ട് കണ്ടാൽ, സത്യൻ അന്തിക്കാട് സിനിമകൾ നൽകുന്ന പോലൊരു ഊഷ്മളമായ അനുഭവം ഈ ചിത്രം സമ്മാനിക്കും. ഏറെക്കാലമായി മലയാളികൾ കാത്തിരുന്ന നിവിൻ പോളിയുടെ ശക്തമായ ഒരു തിരിച്ചുവരവ് ഈ സിനിമയിൽ കാണാം. 'അപ്പുറത്തെ വീട്ടിലെ പയ്യ...